Thursday, 24 May 2012

വധം..വധനുവധം


തിരോധാനങ്ങള്‍,തിരസ്കാരങ്ങള്‍,ത്യാഗങ്ങള്‍ എന്നിവയുടെ അപ്പുറവും ഇപ്പുറവും ചരിത്രത്തെ കുറ്റികെട്ടിയിരിക്കുന്ന ഒരു രാഷ്ട്രീയ ചരിത്രമാണ് ഇത്രകാലമായി കേരളത്തിനുള്ളത് .ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിന്‍റെ മരണവും ഇത്തരം ഒരു വെളിച്ചത്തില്‍ എടുക്കുക. കേരളത്തില്‍ നടന്ന എറ്റവും ക്രൂരമായ കൊലപാതകം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന മരണത്തിന്‍റെ കാലോച്ച എന്നത് പഴയോരു പ്രയോഗമാണ് എന്നാലും അത് തേടിയെത്തിയ കമ്യൂണിസ്റ്റ് ധീരനാണ് ടി.പി. വ്യക്തിപരമായ ഒരു ഓര്‍മ്മ കഴിഞ്ഞ വര്‍ഷമാണ് ഇന്‍റര്‍ സിറ്റി എക്സ്പ്രസിന് കൊച്ചിയിലേക്ക് വരുമ്പോള്‍ വടകരയില്‍ നിന്ന് കോഴിക്കോടിന് പോകാന്‍ കയറിയ മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു ജേര്‍ണലിസം പഠിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള ചില ജേര്‍ണലിസ്റ്റുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ആ ചെറിയ പരിചയത്തില്‍ ഇത്രയും ഊഷ്മളമായി സംസാരിച്ച ആ വ്യക്തി ഒരിക്കലും കമ്യൂണിസ്റ്റാകതിരിക്കാന്‍ സാധിക്കില്ല...കുലംകുത്തിയല്ല..
         
          വൈകിയ കുറിപ്പ് എന്ന് തോന്നാം പക്ഷെ കേള്‍ക്കുകയായിരുന്നു ഇത്രനാള്‍ ടി.പിയുടെ ജീവന്‍ ഇല്ലതാക്കിയതിന് ശേഷം ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാചകം. സത്യം തന്നെയാണ് എവിടെയോ ഉയരുന്ന വാക്കുകള്‍ ഉദ്ധരിച്ചാല്‍ ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഒടുക്കം ഒരു കമ്യൂണിസ്റ്റിന്‍റെ രക്തത്തില്‍ ഒലിച്ചുപൊകുന്ന കാഴ്ച കാണേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.അത്തരത്തില്‍ ഒന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
       
             ടി.പി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന കാര്യം വീണ്ടും വീണ്ടും അവര്‍ത്തിക്കുന്നുണ്ട് സിപിഎം അങ്ങനെയെങ്കില്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം പുറത്ത് വരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക സത്യം പുറത്തുകൊണ്ടു വരാന്‍ കേരളത്തിലെ എറ്റവും വലിയ പാര്‍ട്ടിക്ക് കഴിയട്ടെ. അല്ലാതെ ആ സമയത്ത് എന്തിനും വിളിച്ചാല്‍ കിട്ടുന്ന ഒരു കൂട്ടം അണിയെ വച്ച് ശക്തി പ്രകടനം നടത്തിയിട്ടും, അന്വേഷണം നടത്തുന്നവരെ പുലയാട്ട് പറഞ്ഞിട്ടും കാര്യമില്ല. മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം എന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധം എന്ന് പാര്‍ട്ടിക്ക് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കുക അതിന് തടയിടുക.
                 
         പിന്നെ എതുകാലത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ഇട്ട് കൊട്ടുവാനായി പിറന്ന ജന്മങ്ങള്‍ ഒത്തിരിയുണ്ട് അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ എന്തിന് ശ്രദ്ധിക്കണം. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് മുകളില്‍ ഒടുക്കം ബര്‍ലിനില്‍ പറന്ന് കളിച്ചത് സോവിയറ്റ് ചെങ്കോടിയാണെന്ന ചരിത്രം പാര്‍ട്ടിക്ക് ഊര്‍ജമാക്കുവാന്‍ സാധിക്കണം. ഇത്രയും പറഞ്ഞത് സാക്ഷാല്‍ പിണറായി മുതല്‍ എളംമരം കരീം വരെ പറഞ്ഞതില്‍ സത്യം ഉണ്ട് എന്ന ധാരണയിലാണ് അത് അങ്ങനെയല്ല എന്ന് കാലം തെളിയിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം പിണറായി പാറപ്പുറത്തു തുടങ്ങി പിണറായി സെക്രട്ടറിയില്‍ അവസാനിച്ചു എന്ന് ചരിത്രം പറയും.
                 
            ഇനി വിഎസ്സ് അദ്ദേഹം എപ്പോളും കൊതിപ്പിക്കും..കൊതിപ്പിച്ച്..കൊതിപ്പിച്ച് ആളെ റോട്ടിലിറക്കും രണ്ട് മുദ്രവാക്യം വിളിപ്പിക്കും..കടം വാങ്ങി ഫ്ലെക്സ് അടിപ്പിക്കും ഒടുക്കം ജാഥ നീങ്ങാം എന്ന് പറഞ്ഞപ്പോള്‍ വിഎസ്സ് വീട്ടിലോ..ആലുവ ഗസ്റ്റ്ഹൌസിലോ ഇരിപ്പുണ്ടാകും. റോട്ടിലിറങ്ങിയവര്‍ ഒടുക്കം റോട്ടില്‍ തന്നെ...പ്രതീക്ഷയും വഴിയോരത്ത് തൂങ്ങുന്ന ഫ്ലക്സും മാത്രം ബാക്കി. സഖാവ് ടിപിയും അങ്ങനെ റോട്ടിലിറങ്ങിയ ഒരു വ്യക്തിയാണെന്ന് ധീരനായ വിഎസ്സ് ഒര്‍ക്കുന്നുണ്ടാകും എന്ന് കരുതാം.
            കോണ്‍ഗ്രസുകാരുടെ സ്നേഹം കാണുമ്പോള്‍ പേടിയാകുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. നെയ്യാറ്റിന്‍ കരയില്‍ കരകയറാന്‍ അവര്‍ ടിപിയുടെ വിപ്ലവത്തിനെ കൂട്ടുപിടിക്കുകയായിരുന്നു അതിനെ ഞാന്‍ എതിര്‍ക്കും കാരണം നാലുകാശിന് മറുകണ്ടം ചാടിയവന്‍റെ വോട്ടിനായി വടകര മണ്ഡലം വച്ചു നീട്ടിയിട്ടു പുല്ലുപൊലെ വലിച്ചെറിഞ്ഞ സഖാവിന്‍റെ പേര് ഉപയോഗിക്കാന്‍ നിങ്ങളുടെ കോണ്‍ഗ്രസിന് ആയിരം കാതങ്ങള്‍ ഇനിയും താണ്ടുവാനുണ്ട്.
           
ഒഞ്ചിയം
         കമ്യൂണിസ്റ്റ് ആശയത്തിന്‍റെ പേരില്‍ വ്യക്തമായ പരിവാടിയുടെ പേരില്‍ ലോകത്തിന്‍റെ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ന്ന് വരാത്ത കാലത്ത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയവരാണ് ടിപിയും സംഘവും. മണ്ടോടി കണ്ണന്‍ സ്വന്തം രക്തം കൊണ്ട് രക്തപതാക വരച്ച ഒഞ്ചിയത്തിന്‍റെ പുഴംകര മണ്ണില്‍ നിന്നും കടത്തനാട് വീര്യവുമായി ഉദിച്ച പ്രസ്ഥാനം. അത് അര്‍ക്കെങ്കിലും തലവേദനയായി മാറിയെങ്കില്‍ അവര്‍ അതിനെ നശിപ്പിക്കാന്‍ നടത്തിയ നിഷ്ഠൂരതയാണ് ടിപിയുടെ വധം. അതിനാല്‍ തന്നെ കാലം ആ സത്യം പുറത്തുകൊണ്ടു വരും
ഈ കേസില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വിമര്‍ശനങ്ങള്‍ ഉയരുന്നു എന്‍റെ അഭിപ്രായത്തില്‍ ഒരു വാചകം മാത്രമേ ഉള്ളൂ..ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും. (We are the most tolerant people on earth. Accept it! otherwise, we will smash your face)
 
 

1 comment:

  1. "ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഒടുക്കം ഒരു കമ്യൂണിസ്റ്റിന്‍റെ രക്തത്തില്‍ ഒലിച്ചുപൊകുന്ന കാഴ്ച കാണേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.അത്തരത്തില്‍ ഒന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍........"
    nalla samyamanam ...sameepanavum.....

    ReplyDelete