Wednesday 11 July 2012

ഓണ്‍ലൈനായ ആദ്യ ചിത്രം ....





വെബ്ബില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ് ..ഇന്‍റര്‍നെറ്റില്‍ വിവിധ വഴി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയും അല്ലാതെയും ദിവസം  കോടികണക്കിന്  ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന കാലത്താണ് ഈ ചോദ്യം.
 ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' 
              എന്നാല്‍അതിന് വ്യക്തമായ ഉത്തരമുണ്ട്. ഈ വ രുന്ന ജൂലൈ18 ന് ഇന്‍റര്‍ നെറ്റില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ എടുത്തിട്ട്  20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.ഇന്ന് കണിക പരീക്ഷണങ്ങളില്‍ കൂടി വാര്‍ത്തകളില്‍ നിറയുന്ന യൂറോപ്യന്‍ ആണവ എജന്‍സിയുടെ ജനീവയിലെ  സെര്‍ണ്‍ ലാബുമായി  ബന്ധപ്പെട്ടിരിക്കുന്നു വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഫോട്ടോയും. 1992 ല്‍ സെര്‍ണിന്‍റെ പരീക്ഷണശാലയിലെ വാര്‍ഷിക സംഗീത നിശയില്‍ പരിപാടി അവതരിപ്പിച്ച ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' എന്ന ഗേള്‍സ് ബാന്‍റിന്‍റെ ചിത്രമായിരുന്നു അത്. സില്‍വാനോ ഡി ജെനീറോ എന്ന സെര്‍ണ്‍ സെന്‍ററിലെ ഐടി ഡെവലപ്പറായിരുന്നു ഈ ചിത്രം തന്‍റെ കാനോന്‍ ഇഒഎസ് 650 ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ഡി ജെനീറോയുടെ സഹപാഠി കൂടിയായ വേള്‍ഡ് വൈഡ് വെബ്ബിന്‍റെ (www)യുടെ നിര്‍മ്മാതവുമായി ടിം ബര്‍ണേസ് ലീ ഇത് വെബ്ബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
സില്‍വാനോ ഡി ജെനീറോ 
ടിം ബര്‍ണേസ് ലീ 
               ഒരു മള്‍ട്ടി മീഡിയ കാലത്തിന്‍റെ തുടക്കം എന്ന നിലയില്‍ ഇന്‍റര്‍ നെറ്റിലെ നാഴിക കല്ലായിരുന്നു ഈ ചിത്രം.സെര്‍ണ്‍ പരീക്ഷണ ശാലയിലെ ശാസ്ത്രഞ്നരും ,അവിടുത്തെ ഗവേഷകരുടെ ഭാര്യമാരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു ബാന്‍റായിരുന്നു അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത  ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' . 

Wednesday 4 July 2012

ഇന്ത്യ കര്‍ഷകന്‍റെ കൊലക്കളമാകുമ്പോള്‍....


ര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. രാജ്യത്തിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുകയാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പ്രസിദ്ധികരിച്ചിരിക്കുന്ന പുതിയ വിവരങ്ങള്‍. 2011ലെ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആത്യന്തികമായി ഇന്ത്യയുടെ ഗ്രാമീണ മേഖല കടുത്ത പ്രതിസന്ധികളെ അഭിമൂഖികരിക്കുകയാണ് എന്ന വന്‍ സത്യം ഈ കണക്കുകള്‍ നമ്മോട് വിളിച്ചോതുന്നു. ധാന്യങ്ങള്‍ക്കും ,കാര്‍ഷിക വിളകള്‍ക്കും ഉപഭോഗ വിപണിയില്‍ വില എറുമ്പോഴും നമ്മുടെ കര്‍ഷക ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പ്രഹേളികയായി  തോന്നാം എന്നാല്‍ ജനാധിപത്യരാജ്യത്തിന്‍റെ മുഖം മൂടിയില്‍ ഇന്നും എന്നും മറഞ്ഞിരുന്ന ചൂഷണ കരങ്ങള്‍ വീണ്ടും വീണ്ടും ശക്തമാകുന്നതിന്‍റെ സാക്ഷ്യം കൂടിയാണിത്. സാമൂഹികമായ വിലയിരുത്തലുകള്‍ക്കപ്പുറം വന്‍ നടപടികള്‍ കൂടി ആവശ്യപ്പെടുകയാണ് ഈ കണക്കുകള്‍. സായിനാഥ് ഹിന്ദുവില്‍ എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ

2011ല്‍ രാജ്യത്ത് 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതോടെ 1995ന് ശേഷം  ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,70,940 ആയി. കഴിഞ്ഞ വര്‍ഷം 3,337 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. കണക്കുകള്‍ ലഘൂകരിച്ചും കര്‍ഷകന്റെ നിര്‍വ്വചനത്തില്‍ പോലും മാറ്റം വരുത്തിയും പരമാവധി ശ്രമിച്ചിട്ടും മഹാരാഷ്ട്രക്ക് ഈ അപമാനകരമരമായ ഒന്നാം സ്ഥാനത്തു നിന്നും രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി മഹാരാഷ്ട്രയാണ് കര്‍ഷകരുടെ ഏറ്റവും വലിയ ദുരന്തഭൂമി.

2009ല്‍ 2,872 കര്‍ഷകരും 2010ല്‍ 3,141 കര്‍ഷകരുമാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 1995 മുതല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 54,000ത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ 33,752 പേരും ആത്മഹത്യ ചെയ്തത് 2003ന് ശേഷമാണ്, അതും 3,750 എന്ന വാര്‍ഷിക ശരാശരിയില്‍. 1995-02 കാലത്ത് 2,508 എന്ന വാര്‍ഷിക ശരാശരിയില്‍ 20,066 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യാ നിരക്കിലുള്ള വര്‍ധന എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ആകെ കര്‍ഷക ആത്മഹത്യയുടെ എണ്ണം നോക്കിയാല്‍ 2011ല്‍ കുറവ് കാണുന്നുണ്ട്. എന്നാല്‍ ഛത്തീസ്ഖഡില്‍ ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7,777 കര്‍ഷകരും കഴിഞ്ഞ വര്‍ഷം 1,126 കര്‍ഷകരും ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് ഛത്തീസ്ഖഡ്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഛത്തീസ്ഖഡ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഖഡ് കര്‍ഷകരുടെ സ്വര്‍ഗ്ഗമായി മാറിയെന്ന് കരുതുന്നതിനേക്കാള്‍ സമയത്ത് അവര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കണക്ക് നല്‍കിയില്ലെന്ന് വിലയിരുത്തുന്നതാകും ഉചിതം.

ഛത്തീസ്ഖഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വെച്ച് കണക്കാക്കിയാല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14,027ല്‍ നിന്നും 15,582 ആയി ഉയരും. ഇതില്‍ ഏറ്റവും ചിന്തിക്കേണ്ട കാര്യം മോശക്കാരായ അഞ്ച് സംസ്ഥാനങ്ങളും ഈവര്‍ഷം വരള്‍ച്ചയുടെ പിടിയിലാണെന്നതാണ്. കാലാവസ്ഥ കടിഞ്ഞാണിടുന്ന ഇന്ത്യന്‍ കാര്‍ഷിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ അഞ്ച് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തി. 2010നേക്കാള്‍ 196 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മോശം സംസ്ഥാനം. തമിഴ്നാട്(82) മധ്യപ്രദേശ്(89) ഹരിയാന(87) ഗുജറാത്ത് (55) എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകരുടെ കണ്ണീര്‍ വീണു. ഒമ്പത് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിട്ടുണ്ട്. ഇതില്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയുടെ കുറവ് രേഖപ്പെടുത്തിയത് മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം, കര്‍ണ്ണാടക(485), ആന്ധ്രാ പ്രദേശ്(319), പശ്ചിമ ബംഗാള്‍(186). രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണെന്ന വ്യക്തമായ സൂചനയാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ നല്‍കുന്നത്.

കടപ്പാട്- ദി ഹിന്ദു.സായിനാഥ്

Monday 2 July 2012

ഉസ്താദ് ഹോട്ടല്‍- --------_ ഒരു ബിരിയാണിക്കഥയ്ക്കപ്പുറം





അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു നല്ല ''മസാല'' വെപ്പുകാരനാണെന്നാണ്   മലയാള സിനിമയിലെ പൊതു അഭിപ്രായം  ( കണ്ണീരിന്‍റെ ഉപ്പുള്ള ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം പരിഗണിച്ച് തന്നെയാണ് ഈ അഭിപ്രായം) അഞ്ജലി മേനോനും നല്ലോരു പാചകകാരിയാണ്  ഗൃഹതുരതയുടെ രസം ചാലിച്ച് സാമൂഹികമായി സിനിമ വിളമ്പുന്ന ചലച്ചിത്രകാരി‍. ലിന്‍സ്റ്റന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മതാവ് യുവതയുടെ രസകൂട്ടുകള്‍ രുചിച്ച,രുചിപ്പിച്ച വ്യക്തിയാണ് .ഇത്തരം ഒരു ടീമിന്‍റെ ബിരിയാണിയുണ്ടാക്കിയ കഥയാണ് 'ഉസ്താദ് ഹോട്ടല്‍'
കോഴിക്കോടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുള്ള മണം പരക്കുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തില്‍ എന്നും, ആഘോഷമായ ഒരു ഭക്ഷണകഥ  എന്നും തെറ്റിദ്ധരിച്ച്  ഉസ്താദ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക്  ഈ ചിത്രം നിരാശ നല്‍കും എന്ന് ആദ്യമേ പറയുന്നു. കാരണം തെറ്റിദ്ധാരണകളാണ് മലയാള സിനിമയുടെ ഇന്നത്തെ ശാപം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ തിന്നും കുടിച്ചും വയര്‍ നിറച്ച് പൊകുന്നതല്ല. വയറിനൊപ്പം മനവും നിറയ്ക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം എന്നതാണ് ചിത്രത്തില്‍ പറഞ്ഞ് വയ്ക്കുന്ന പാഠം.
 മരണം ,വിവാഹം,പ്രണയം,സംഗീതം,വിരഹം ജീവിതത്തിന്‍റെ പലഘട്ടങ്ങള്‍ തലോടിയാണ് കോഴിക്കോടിന്‍റെ പാശ്ചാത്തലത്തില്‍ ഉസ്താദ് ഹോട്ടലിന്‍റെ കഥ വികസിക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വീട് വിട്ട് ഇറങ്ങുന്ന ഫൈസി എന്ന ഫൈസല്‍ എത്തിച്ചേരുന്നത് അനുഭവത്തിന്‍റെ സ്നേഹത്തിന്‍റെയും കൈപുണ്യം വിളമ്പുന്ന ഉസ്താദ് ഹോട്ടലില്‍ അവിടെത്തെ ഉസ്താദായ തന്‍റെ ഉപ്പാപ്പയില്‍ നിന്ന് പിന്നീട് ജീവിതം പഠിക്കുകയാണ് ഫൈസി. ആ ഹോട്ടലിന് ചുറ്റും ജീവിക്കുന്ന ജീവിതങ്ങള്‍. പരിഷ്കൃതമായ ജീവിതത്തിന്‍റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും.  പണത്തിന്‍റെ പളപ്പും ഒക്കെ ഒരു ബീരിയാണി വെപ്പിന്‍റെ അനുസാരികള്‍പോലെ വിഷയമാകുന്നുണ്ട് ചിത്രത്തില്‍. എന്നാലും വിഷയ ദാരിദ്രം നിഴലിക്കുന്ന രണ്ടാം പകുതി പലപ്പോളും ഇഴയുന്നു എന്ന് പറയാതിരിക്കാനാകുന്നില്ല.  എല്ലാ ബിരിയാണിയിലും എല്ലാ അരിയും വെന്തോ എന്ന് നോക്കുവാന്‍ പാചകകാരന് കഴിയില്ല എന്നത് തന്നെയാണ്  ഇതിന് ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ സാധിക്കുക.
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തന്‍റെ ശൈലിമാറ്റത്തിന് ഒരു  മറുകുറിപ്പ് നല്‍കുകയായിരുന്നു ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്.തന്‍റെ കാലോചിതമായ മാറ്റത്തിന് എതാണ്ട് 3 വര്‍ഷത്തെ കാത്തിരിപ്പും അന്‍വര്‍ നടത്തി എന്നതും ശ്രദ്ധേക്കേണ്ട വിഷയമാകുന്നു. വഴി മാറി നടത്തം ഗംഭീരമായി എന്നു തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഷോട്ടുകളിലും സ്വീക്വന്‍സുകളും തിരഞ്ഞെടുക്കുന്നതില്‍ ഒരു തികഞ്ഞ സംവിധായകന്‍റെ കൈയ്യടക്കം അന്‍വര്‍ റഷീദ് പുലര്‍ത്തുന്നുണ്ട് തന്‍റെ സിനിമ സങ്കല്‍പ്പങ്ങളോട് അടുക്കാനുള്ള മികച്ച ശ്രമം തന്നെയാണ് ഈ സംവിധായകന്‍ നടത്തുന്നത്.
മഞ്ചാടി കുരു എന്ന കഥയുടെ വികാസത്തില്‍ പുലര്‍ത്തുന്ന കൈയ്യടക്കം അഞ്ജലി മേനോന്‍ എന്ന തിരക്കഥകൃത്ത് ഈ ചിത്രത്തിലും പുലര്‍ത്തുന്നുണ്ട്. കാലവും സംസ്കാരവും കുടിയോഴിയുന്ന തിരക്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച രീതിയിലുള്ള പഠനം നടത്തിയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത് എന്നത്  വളരെ വ്യക്തമാകുന്നുണ്ട്. പളിപ്പോക്കുന്ന സന്ദര്‍വ്വങ്ങളിലും ഇത്തരം ഒരു കരുതല്‍ തിരക്കഥയില്‍ സൂക്ഷിക്കുന്നുണ്ട് കഥാകാരി. സുലൈമാനിയില്‍ വിരിയുന്ന പ്രണയത്തിന്‍റെ ഫ്ലാഷ് ബാക്ക് അത്തരം ഒരു സന്ദര്‍വ്വമാണ് അത് നന്നായി ദൃശ്യവത്കരിക്കാന്‍ സംവിധായകനും സാധിക്കുന്നുണ്ട്.പതിവ് റിയല്‍ എസ്റ്റേറ്റ് കയ്യേറ്റവും മറ്റും അടങ്ങുന്ന മലയാള സിനിമയുടെ പതിവുവഴിക്കുള്ള ഓട്ടം വീണ്ടും തിരക്കഥയുടെ ചില ഘട്ടങ്ങള്‍ നടത്തുന്നുണ്ട്.  എന്നാലും ജീവിതത്തിന്‍റെ ചില അപരിചിത കോണുകളില്‍ നിന്ന് അഭ്രപാളിയിലേക്ക് സന്നിവേശം നടത്താന്‍ സാധിക്കുന്ന ഇത്തരം തിരക്കഥകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത് മലയാളത്തിന് നല്ലകാഴ്ചയാണ്.

വന്‍ പ്രധാന്യം  നല്‍കേണ്ട ഒരു ചിത്രമായി വിലയിരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ ചൂണ്ടികാട്ടതിരിക്കാന്‍ കഴിയില്ല. നാരയണന്‍ കൃഷ്ണന്‍ എന്ന രണ്ടാം പകുതിയില്‍ മധുരയില്‍ ജീവിക്കുന്ന കഥാപാത്രം യഥാര്‍ത്ഥമായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് തന്‍റെ ജീവിതം തെരുവില്‍ വിശക്കുന്നവര്‍ക്കായി മാറ്റിവച്ച ഒരു മനുഷ്യന്‍. അത്തരം ജീവിതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നന്മ ഈ ചിത്രത്തിനും ഒരു ആത്മാവ് നല്‍കുന്നുണ്ട്.
തിലകന്‍ എന്ന നടനാണ് ചിത്രത്തിന് തിളക്കം നല്‍കുന്ന ഒരു താരം മുന്‍പ് പലപ്പോഴും കെട്ടിയാടിയ ഋഷിതുല്യ റോള്‍ തന്നെയാണെങ്കിലും മുന്‍ അനുഭവം നല്‍കുന്നില്ല അതിന്‍റെ രൂപവും ഭാവവും.ചിലപ്പോള്‍ ഇത്രത്തോളം വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ഒരു സംശയം വരാം ദുല്‍ഹര്‍ സല്‍മാന്‍ എന്ന ഒരു നടന്‍ നായകനായി അഭിനയിച്ച  പടത്തെ കുറിച്ചല്ലെ പറയുന്നത് എന്ന്. അതേ അവസാന വാചകമായി ഒരു കാര്യം പറയാം. ആര്‍ക്കും നടക്കാവുന്ന മണലാണ് കോഴിക്കോട് കടപ്പുറത്തുള്ളത് അതിനാല്‍ തന്നെ അര്‍ക്കും അഭിനായിക്കാവുന്ന ഒരു റോളില്‍ ഒരു നടന്‍ അഭിനയിച്ചു എന്നതിനപ്പുറം വിലയിരുത്തല്‍ ആവശ്യമായി വരുന്നില്ല.