Monday, 2 July 2012

ഉസ്താദ് ഹോട്ടല്‍- --------_ ഒരു ബിരിയാണിക്കഥയ്ക്കപ്പുറം





അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു നല്ല ''മസാല'' വെപ്പുകാരനാണെന്നാണ്   മലയാള സിനിമയിലെ പൊതു അഭിപ്രായം  ( കണ്ണീരിന്‍റെ ഉപ്പുള്ള ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം പരിഗണിച്ച് തന്നെയാണ് ഈ അഭിപ്രായം) അഞ്ജലി മേനോനും നല്ലോരു പാചകകാരിയാണ്  ഗൃഹതുരതയുടെ രസം ചാലിച്ച് സാമൂഹികമായി സിനിമ വിളമ്പുന്ന ചലച്ചിത്രകാരി‍. ലിന്‍സ്റ്റന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മതാവ് യുവതയുടെ രസകൂട്ടുകള്‍ രുചിച്ച,രുചിപ്പിച്ച വ്യക്തിയാണ് .ഇത്തരം ഒരു ടീമിന്‍റെ ബിരിയാണിയുണ്ടാക്കിയ കഥയാണ് 'ഉസ്താദ് ഹോട്ടല്‍'
കോഴിക്കോടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുള്ള മണം പരക്കുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തില്‍ എന്നും, ആഘോഷമായ ഒരു ഭക്ഷണകഥ  എന്നും തെറ്റിദ്ധരിച്ച്  ഉസ്താദ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക്  ഈ ചിത്രം നിരാശ നല്‍കും എന്ന് ആദ്യമേ പറയുന്നു. കാരണം തെറ്റിദ്ധാരണകളാണ് മലയാള സിനിമയുടെ ഇന്നത്തെ ശാപം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ തിന്നും കുടിച്ചും വയര്‍ നിറച്ച് പൊകുന്നതല്ല. വയറിനൊപ്പം മനവും നിറയ്ക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം എന്നതാണ് ചിത്രത്തില്‍ പറഞ്ഞ് വയ്ക്കുന്ന പാഠം.
 മരണം ,വിവാഹം,പ്രണയം,സംഗീതം,വിരഹം ജീവിതത്തിന്‍റെ പലഘട്ടങ്ങള്‍ തലോടിയാണ് കോഴിക്കോടിന്‍റെ പാശ്ചാത്തലത്തില്‍ ഉസ്താദ് ഹോട്ടലിന്‍റെ കഥ വികസിക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വീട് വിട്ട് ഇറങ്ങുന്ന ഫൈസി എന്ന ഫൈസല്‍ എത്തിച്ചേരുന്നത് അനുഭവത്തിന്‍റെ സ്നേഹത്തിന്‍റെയും കൈപുണ്യം വിളമ്പുന്ന ഉസ്താദ് ഹോട്ടലില്‍ അവിടെത്തെ ഉസ്താദായ തന്‍റെ ഉപ്പാപ്പയില്‍ നിന്ന് പിന്നീട് ജീവിതം പഠിക്കുകയാണ് ഫൈസി. ആ ഹോട്ടലിന് ചുറ്റും ജീവിക്കുന്ന ജീവിതങ്ങള്‍. പരിഷ്കൃതമായ ജീവിതത്തിന്‍റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും.  പണത്തിന്‍റെ പളപ്പും ഒക്കെ ഒരു ബീരിയാണി വെപ്പിന്‍റെ അനുസാരികള്‍പോലെ വിഷയമാകുന്നുണ്ട് ചിത്രത്തില്‍. എന്നാലും വിഷയ ദാരിദ്രം നിഴലിക്കുന്ന രണ്ടാം പകുതി പലപ്പോളും ഇഴയുന്നു എന്ന് പറയാതിരിക്കാനാകുന്നില്ല.  എല്ലാ ബിരിയാണിയിലും എല്ലാ അരിയും വെന്തോ എന്ന് നോക്കുവാന്‍ പാചകകാരന് കഴിയില്ല എന്നത് തന്നെയാണ്  ഇതിന് ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ സാധിക്കുക.
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തന്‍റെ ശൈലിമാറ്റത്തിന് ഒരു  മറുകുറിപ്പ് നല്‍കുകയായിരുന്നു ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്.തന്‍റെ കാലോചിതമായ മാറ്റത്തിന് എതാണ്ട് 3 വര്‍ഷത്തെ കാത്തിരിപ്പും അന്‍വര്‍ നടത്തി എന്നതും ശ്രദ്ധേക്കേണ്ട വിഷയമാകുന്നു. വഴി മാറി നടത്തം ഗംഭീരമായി എന്നു തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഷോട്ടുകളിലും സ്വീക്വന്‍സുകളും തിരഞ്ഞെടുക്കുന്നതില്‍ ഒരു തികഞ്ഞ സംവിധായകന്‍റെ കൈയ്യടക്കം അന്‍വര്‍ റഷീദ് പുലര്‍ത്തുന്നുണ്ട് തന്‍റെ സിനിമ സങ്കല്‍പ്പങ്ങളോട് അടുക്കാനുള്ള മികച്ച ശ്രമം തന്നെയാണ് ഈ സംവിധായകന്‍ നടത്തുന്നത്.
മഞ്ചാടി കുരു എന്ന കഥയുടെ വികാസത്തില്‍ പുലര്‍ത്തുന്ന കൈയ്യടക്കം അഞ്ജലി മേനോന്‍ എന്ന തിരക്കഥകൃത്ത് ഈ ചിത്രത്തിലും പുലര്‍ത്തുന്നുണ്ട്. കാലവും സംസ്കാരവും കുടിയോഴിയുന്ന തിരക്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച രീതിയിലുള്ള പഠനം നടത്തിയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത് എന്നത്  വളരെ വ്യക്തമാകുന്നുണ്ട്. പളിപ്പോക്കുന്ന സന്ദര്‍വ്വങ്ങളിലും ഇത്തരം ഒരു കരുതല്‍ തിരക്കഥയില്‍ സൂക്ഷിക്കുന്നുണ്ട് കഥാകാരി. സുലൈമാനിയില്‍ വിരിയുന്ന പ്രണയത്തിന്‍റെ ഫ്ലാഷ് ബാക്ക് അത്തരം ഒരു സന്ദര്‍വ്വമാണ് അത് നന്നായി ദൃശ്യവത്കരിക്കാന്‍ സംവിധായകനും സാധിക്കുന്നുണ്ട്.പതിവ് റിയല്‍ എസ്റ്റേറ്റ് കയ്യേറ്റവും മറ്റും അടങ്ങുന്ന മലയാള സിനിമയുടെ പതിവുവഴിക്കുള്ള ഓട്ടം വീണ്ടും തിരക്കഥയുടെ ചില ഘട്ടങ്ങള്‍ നടത്തുന്നുണ്ട്.  എന്നാലും ജീവിതത്തിന്‍റെ ചില അപരിചിത കോണുകളില്‍ നിന്ന് അഭ്രപാളിയിലേക്ക് സന്നിവേശം നടത്താന്‍ സാധിക്കുന്ന ഇത്തരം തിരക്കഥകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത് മലയാളത്തിന് നല്ലകാഴ്ചയാണ്.

വന്‍ പ്രധാന്യം  നല്‍കേണ്ട ഒരു ചിത്രമായി വിലയിരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ ചൂണ്ടികാട്ടതിരിക്കാന്‍ കഴിയില്ല. നാരയണന്‍ കൃഷ്ണന്‍ എന്ന രണ്ടാം പകുതിയില്‍ മധുരയില്‍ ജീവിക്കുന്ന കഥാപാത്രം യഥാര്‍ത്ഥമായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് തന്‍റെ ജീവിതം തെരുവില്‍ വിശക്കുന്നവര്‍ക്കായി മാറ്റിവച്ച ഒരു മനുഷ്യന്‍. അത്തരം ജീവിതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നന്മ ഈ ചിത്രത്തിനും ഒരു ആത്മാവ് നല്‍കുന്നുണ്ട്.
തിലകന്‍ എന്ന നടനാണ് ചിത്രത്തിന് തിളക്കം നല്‍കുന്ന ഒരു താരം മുന്‍പ് പലപ്പോഴും കെട്ടിയാടിയ ഋഷിതുല്യ റോള്‍ തന്നെയാണെങ്കിലും മുന്‍ അനുഭവം നല്‍കുന്നില്ല അതിന്‍റെ രൂപവും ഭാവവും.ചിലപ്പോള്‍ ഇത്രത്തോളം വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ഒരു സംശയം വരാം ദുല്‍ഹര്‍ സല്‍മാന്‍ എന്ന ഒരു നടന്‍ നായകനായി അഭിനയിച്ച  പടത്തെ കുറിച്ചല്ലെ പറയുന്നത് എന്ന്. അതേ അവസാന വാചകമായി ഒരു കാര്യം പറയാം. ആര്‍ക്കും നടക്കാവുന്ന മണലാണ് കോഴിക്കോട് കടപ്പുറത്തുള്ളത് അതിനാല്‍ തന്നെ അര്‍ക്കും അഭിനായിക്കാവുന്ന ഒരു റോളില്‍ ഒരു നടന്‍ അഭിനയിച്ചു എന്നതിനപ്പുറം വിലയിരുത്തല്‍ ആവശ്യമായി വരുന്നില്ല.


No comments:

Post a Comment