Saturday 23 November 2013

മൂന്ന് സൃഷ്ടികള്‍....

വിശപ്പും ദാഹവും


എന്നിലെ കവിയെ കൊന്ന് തിന്നിട്ടും
തീരാത്ത വിശപ്പാണ്..
എന്നിലെ കലാകാരന്റെ ചോര കുടിച്ചിട്ടും
തീരാത്ത ദാഹമാണ..്
അത് തീര്‍ക്കാന്‍
ഇനിയൊരു കവി ജനിക്കേണ്ടിയിരിക്കുന്നു
ഇനിയൊരു കലാകാരന്‍ ജനിക്കേണ്ടിയിരിക്കുന്നു
അതുവരെ ഞാനാകുന്ന വിമര്‍ശക
നിന്റെ ദാഹവും വിശപ്പും അടക്കി നിര്‍ത്തുക
അന്യന്റെ ഭവന സമ്പന്നമായി
തീന്‍ മേശകള്‍ നോക്കി
നെടുവീര്‍പ്പിടുക...
അവയെ ഘോഷിക്കുക....


ഡിഎന്‍എ


പിരിയന്‍ ഗോവണിപോലെ കിടക്കുന്ന
ജാതകം -
ഡിഎന്‍എ എന്ന് പറയുന്ന
സംഭവം
അത് നിനക്കും എനിക്കും
ഒരു പോലെയാകാന്‍
ഒരു സാധ്യതയും ഇല്ല
വിദൂര സാധ്യത
പോലും..
പക്ഷെ
തന്തയില്ലായ്മ കാണിക്കുന്ന
നേരത്ത് മാത്രം
നമ്മള്‍ ഒരേ
ഗോവണിയില്‍
മുകളിലേക്ക് കയറുന്നവരാകുന്നു
അടുത്ത
പാമ്പിന്റെ വായില്‍
വരെ മാത്രം അത് അങ്ങനെയാണ്
അതിനുശേഷം
അതു തന്നെ
പിരിയന്‍ ഗോവണിപോലെ കിടക്കുന്ന
ജാതകം -
നിനക്കും ഇനിക്കും ഒന്നല്ല..

 

പുച്ഛം


പുച്ഛിക്കാനും
ഒരു രസമാണ്
ഞാന്‍ ഒന്നുമല്ലെങ്കിലും
നീ വലിയവനാണെഹങ്കിലും
ഞാന്‍ പുച്ഛിക്കും
കാരണം അതാണ് സ്ഥായിയായ
വികാരം
ഈ ലോകത്തിന്റെ
ആകാശത്ത് നില്‍ക്കുന്ന എല്ലാ
നക്ഷത്രങ്ങളും
രാത്രിയില്‍ മനുഷ്യനെ നോക്കി
പുച്ഛിക്കുകയാണ്
നീ എന്ത് അറിയുന്നുവെന്ന്..
അത് അറിയാതെ
മാനം നോക്കി
പുച്ഛിക്കുന്നവനായി മാറി ഞാനും
നീയും..
അവസാനത്തെ രണ്ട് കുത്തിലും
ഉണ്ട് ഒരു പുച്ഛം...

No comments:

Post a Comment