Monday, 7 November 2011


ജയരാജന് ആറ് മാസം തടവ്‌
Posted on: 08 Nov 2011

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ഉത്തരവ് കേട്ട ജയരാജന്‍ ശിക്ഷാ വിധി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതോടെ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കോടതിയലക്ഷ്യക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജയരാജ് വിധിച്ചത്. ജസ്റ്റിസ്മാരായ വി രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ വിധിച്ചത്.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.

ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചത് കോടതിലക്ഷ്യം തന്നെയാണെന്ന് വിധി ന്യായത്തില്‍ പറയുന്നു. 'ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു'- 140 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

എന്നാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ സി.പി.എം നേതാവാണ് എം.വി ജയരാജന്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരായ കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ ഒരു രൂപ പിഴയൊടുക്കി നടപടി അവസാനിച്ചു. കോടതി സമ്പന്നര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന പരാമര്‍ശമാണ് ഇ.എം.എസിനെ കുടുക്കിയത്. ഹൈക്കോടതി ഇ.എം.എസിന് ശിക്ഷ വിധിച്ചെങ്കിലും അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഒടുവില്‍ ഒരു രൂപ പിഴ അടച്ചാണ് ഇ.എം.എസ് രക്ഷപെട്ടത്. പാലോളി മുഹമ്മദ് കുട്ടിക്കെതിരായ കേസില്‍ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷ നല്‍കിയാണ് ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവായത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഇനി ജയരാജന് മുമ്പിലുള്ള പോംവഴി.

ആലുവയില്‍ പാതയോരത്ത് നടന്ന ഒരു പൊതുയോഗത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ജയരാജന്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയത്. കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി. ജയരാജന്‍ സുപ്രീംകോടതിയ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു. സ്‌റ്റേ ചെയ്യാനായി ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കിയിട്ടുണ്ടോയെന്ന് സംശയമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാര്‍ പറഞ്ഞു. കേരളത്തില്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു നേതാക്കളും സി.പി.എമ്മുകാരാണെന്നതും ശ്രദ്ധേയമാണ്.

No comments:

Post a Comment