Monday, 24 September 2012

തിലകന്റെ ഓര്‍മ്മകള്‍.....


രാവിലെ ഫെയ്സ്ബുക്കില്‍ നിന്നായിരുന്നു വിവരം അറിഞ്ഞത് ....
തിലകന്‍ എന്ന മഹാനടന്‍ ഇനി മുന്നില്‍ കഥാപത്രമായി എത്തില്ല...
പെട്ടന്ന് മനസ്സില്‍ വന്നത് ഒരു വാക്യമാണ് ലോകത്തിലെ എറ്റവും മികച്ച നടന്‍മാരോക്കെ ചിലപ്പോള്‍ ആ വാക്യത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പറയുന്നുണ്ട്...
the most arrogant man
എന്താണ് തിലകന്‍ എന്ന നടന പ്രതിഭയെ ഇങ്ങനെ വിലയിരുത്താന്‍ എന്നെ ചിന്തിപ്പിച്ചതെന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എനിക്ക് മനസിലാകുന്നുമില്ല. പക്ഷെ മര്‍ലന്‍ ബ്രന്റോയുടെ അഭിനയശൈലിയോളം  പാകവും തഴക്കവുമുണ്ടായിരുന്നു തിലകന്‍ എന്ന അഭിനയ പ്രതിഭയുടെ ജീവിതത്തിന്....വെറുവാക്കല്ല..(കാരണം മര്‍ലന്‍ ബ്രന്റോയുടെ ഒരു ചിത്രംമാത്രമേ ഞാന്‍ ശ്രദ്ധയോടെ കണ്ടിട്ടുള്ളു.ഗോഡ്ഫാദര്‍.ഇംഗ്ലീഷ് മനസ്സിലാക്കുവാന്‍ പാടുപെട്ട്കണ്ട ചിത്രത്തിലെ ബ്രന്റോയുടെ മുഖത്തോട് വീണ്ടും വീണ്ടും എന്റെ മനസ്സ് ചേര്‍ത്തുവച്ചത് തിലകന്റെ മുഖമായിരുന്നു. അതായിരിക്കാം ഇത്തരം ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചത്)
ഇനി കാലം ഇത്തിരി പിന്നോട്ട്,  തിലകന്‍ എന്ന നടനെ എറ്റവുമാദ്യം  മനസ്സില്‍ അടയാളപ്പെടുത്തിയ ചിത്രം എതാണെന്ന് അലോചിച്ചപ്പോഴാണ് കൌരവര്‍ എന്ന ചിത്രം മനസിലെത്തിയത്..ഒരു തരത്തിലുള്ള ഗുണവും അവകാശപ്പെടാനില്ലാത്ത ആ ചിത്രം എന്തുകൊണ്ട് എന്നു ചോദിക്കരുത്...എന്നിരിക്കിലും അതിലെ ക്രൂരനായ വില്ലന്‍ കഥാപത്രം തിലകന്‍ എന്ന നടന്റെ കഥപാത്രങ്ങളെ തള്ളികളയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്...സ്വയം തിരസ്കൃതനായ ഒരു കാലം..ചിലപ്പോള്‍ ഞാന്‍ എന്ന സിനിമാസ്വദകന്‍ സ്വയം ഒളിച്ചോടിയതുമാകാം....
പിന്നീട് സിനിമ..എന്നത് പലപ്പോഴും..മാറി...ഒപ്പം തിലകന്‍ എന്ന നടനോടുള്ള അകല്‍ച്ചയും കാഴ്ചയിലേക്ക് ആസ്വദനത്തിന്റെ രുചിയും താളവും ലയിക്കുമ്പോള്‍ ഒട്ടനവധി ചിത്രങ്ങളിലുടെ തിലകന്‍ പ്രിയപ്പെട്ട താരമായി...
തിലകനെ നേരിട്ട് കണ്ടിട്ടില്ല....
ഇനി കാണുവാനും സാധിക്കില്ല...
ഉസ്താദ് ഹോട്ടലിലാണ് അവസാനമായി തിലകനെ കണ്ടത്. മരിച്ചപ്പോള്‍ രണ്ട് വാക്ക് കുത്തിക്കുറിക്കാനാണ് തോന്നിയത് എന്നാല്‍ തിലകന്‍ എന്ന അനുഗ്രഹിത നടന്റെ മരണത്തില്‍ ഒരു ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ നോക്കുമ്പോഴാണ് മറ്റോരു മരണം എന്നെ അലട്ടിയത്...
അനുശോചനം- ഒരു അനുശോചനവും അര്‍ഹിക്കാത്ത ഒരു പരിപാടിയാണെന്ന് ഇന്ന് മനസ്സിലായി- അനുശോചനത്തിന്റെ അകാലമൃത്യൂവില്‍ അനുശോചിക്കുന്നു......................
(തിലകന്റെ കാര്യത്തിനെക്കാള്‍ എന്നെ ഇന്ന് സങ്കടത്തിലാക്കിയത് അനുശോചനത്തിന്റെ മരണമാണ്)..
ബെര്‍ളി തോമസിന്റെ വിമര്‍ശനവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മരണം പുല്‍കിയ ഒരു മനുഷ്യന്റെ ചിതയെരിയും മുന്‍പ് വിമര്‍ശനങ്ങള്‍ നടത്തുക എന്നത് മലയാളിയുടെ ശീലമായിരിക്കുന്ന എന്ന വിമര്‍ശനങ്ങളും ഒരു ഭാഗത്തുണ്ട്...
അതിനാല്‍ തന്നെ തിലകന്‍ എന്ന മനുഷ്യനെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ ചിലപ്പോള്‍ അത് ഒരു ശരിയായിരിക്കാം..
the most arrogant man  എന്ന പദാവലിയില്‍ ഒതുക്കാവുന്ന ഒരു മനുഷ്യനെ എതുവിധത്തില്‍ സഹിക്കാന്‍ സാധിക്കുമെന്ന് മറുചോദ്യത്തെയാണ് ഇവിടെ അഭിമുഖികരിക്കേണ്ടി വരുന്നത്.....എന്നാല്‍ തിലകന്‍ എന്ന അഭിനേതാവ് നല്‍കിയ മറുപടികള്‍ ഒത്തിരിയാണ്..ഇതിനെ തിരിച്ചറിയാതെപോയതിന്റെ മണ്ടത്തരമായിരിക്കാം...ചിലരുടെ അനുശോചനങ്ങളെ മുതലക്കണ്ണീരാക്കുന്നതിന് പിന്നില്‍ അത് മനസ്സിലാക്കുക....
വ്യക്തിയുടെ വ്യക്തിത്വത്തിനുമപ്പുറം വളരുന്ന കലയെ തിരിച്ചറിയാന്‍ കണ്ണും കാതും വേണം..................

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍...............

Monday, 3 September 2012

പാപ്പീലോ ബുദ്ധയും....ദളിത് രാഷ്ട്രീയവും...(സാമൂഹ്യ ഷണ്ഡത്വം)


രു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങാം...
ഞാന്‍ ദളിതനല്ല
നക്സലേറ്റല്ല...
പാപ്പീലോ ബുദ്ധ എന്ന ചിത്രവും കണ്ടിട്ടില്ല....
സര്‍വ്വോപരി വാര്‍ത്തകള്‍ വിഴുങ്ങുന്നവനും അല്ല...
എന്നീട്ടും ഇന്ന് കണ്ട വാര്‍ത്തയില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു..പാപ്പീലോ ബുദ്ധ എന്ന ചിത്രത്തിന് കേന്ദ്ര സെന്‍സറിംങ് ബോര്‍ഡ് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു
എന്താണ് ഈ ചിത്രത്തിന്റെ പ്രശ്നം എന്നത് അറിയാനുള്ള ആകാംക്ഷയ്ക്കുമപ്പുറം മറ്റെന്തോ ആ ചിത്രത്തിന് പിന്നിലുണ്ട് എന്നത് തന്നെയാണ് പ്രധാനമായും ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയ ചിന്ത
കേരളത്തിന്റെ ദളിത് പാശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരുന്ന മുഖ്യ ആക്ഷേപം മഹാത്മ ഗാന്ധിയെ അപമാനിച്ചു എന്നുള്ളതാണ്...
അപമാനിച്ചു എന്നതിനപ്പുറം വിമര്‍ശിക്കാനുള്ള സ്വതന്ത്രമായി എടുക്കാവുന്ന ഒരു വിഷയത്തെ എങ്ങനെ രാഷ്ട്രപിതാവിനെ അപമാനിക്കലാകും...
മീന കന്തസ്വാമിയുടെ ഒരു കവിതയ്ക്ക് എതിരെയും ചില ഗാന്ധി പ്രേമികള്‍ ഭീഷണി മുഴക്കിയത് ഓര്‍ക്കുക..
ആസാധരണമായ വ്യക്തി പ്രഭാവം സൂക്ഷിക്കുകയും അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മ ഗാന്ധി എന്നതില്‍ തര്‍ക്കമില്ല..പക്ഷെ അതിനാല്‍ വിമര്‍ശ്ശനങ്ങള്‍ക്ക്
അതീതനാണ് അദ്ദേഹം എന്ന അഭിപ്രായം ഇല്ല. ജീവിതം തന്നെ സ്വന്തം സന്ദേശമായി സമര്‍പ്പിച്ചുട്ടുള്ള ഗാന്ധി അത്യന്തികമായി ഒരു വിമര്‍ശനത്തിനുള്ള അവസരം കൂടിയാണ് നല്‍കിയിരിക്കുന്നത് എന്ന്  ഇരുട്ടത്ത് ചലച്ചിത്രം കാണുന്ന സെന്‍സര്‍ പുലിക്ക്  എന്തെ മനസ്സിലാകത്താത്.......

എന്തിരുന്നാലും ഇത് അത്രചെറിയ കാര്യമായി കാണുവാന്‍ തല്‍കാലം താല്‍പ്പര്യപ്പെടുന്നില്ല കാരണം ദളിത് സ്വത്യം എന്നതിനെ എന്തെന്നില്ലാത്ത തരത്തിലുള്ള കടന്നാക്രമണം ഇപ്പോള്‍ നടക്കുന്നുണ്ട്. മുഖ്യധാരയുടെ ഏമേര്‍ജിങ്ങ് ചര്‍ച്ചയോളം വരില്ലാത്തതിനാല്‍ എന്തോ ഇത്തരം ഉച്ചനീചത്വങ്ങള്‍ 'ചര്‍ച്ചിക്ക'പ്പെടുന്നില്ല...എവിടെയും ദളിത് വേട്ടയുടെ എറ്റവും വലിയ വെളിപ്പെടുത്തല്‍ വന്നത് ഈ അടുത്തക്കാലത്താണ് അത് ആരോക്കെ ചര്‍ച്ചചെയ്യപ്പെട്ടു എന്ന്  അറിയില്ല...

''കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.

രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന.'' 

http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html
ഈ വെളിപ്പെടുത്തല്‍ ഈ ലിങ്കില്‍ വായിക്കാം.......


തീര്‍ത്തും തീപിടിപ്പിക്കാവുന്ന ഈ വിഷയം എവിടെയും പിന്നെ ഉന്നയിക്കപ്പെട്ട് കണ്ടില്ല
കേരളത്തിലെ ദളിതുകളെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നതിന് സകല രാഷ്ട്രീയ-സാമൂഹിക പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല...എങ്കിലും ഈ വാര്‍ത്തയ്ക്കും ശിവപ്രസാദിന്റെ കൊലപാതകത്തിനും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയൊരു രാഷ്ട്രീയമാനം ഉണ്ട്...അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു..നിര്‍ഭാഗ്യം എന്നും കൂടപ്പിറപ്പായ ഒരു തലമുറയ്ക്ക് ലഭിച്ച തിരസ്കാരത്തിന്‍റെ ഏടില്‍ മറ്റോന്നായി മാത്രം ഇത് പരിണമിച്ചു.....

ഇതും കഴിഞ്ഞു റെയില്‍ പാളത്തില്‍ കണ്ടോരു ബോംബായിരുന്നു അടുത്ത വിഷയം. തീര്‍ത്തും പറഞ്ഞാല്‍ ഒരു നനഞ്ഞ പടക്കം. അതിനും ദളിത് ഭീകര വാദത്തിന്‍റെ ചമല്‍ക്കാരങ്ങള്‍ നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അരങ്ങേറിയത്. നാണമില്ലാതെ ദളിത് തീവ്രവാദി ബന്ധം വാര്‍ത്തയാക്കിയ ദേശീയ പത്രക്കാരന്‍റെ  വെളുത്തതോലിക്കാപ്പുറം  സമൂഹിക അസമത്വത്തിന്‍റെ കരിപിടിച്ച ഒരു മനസ്സ് ഉണ്ടായിരുന്നിരിക്കാം....

മോരും മുതിരയും പോലെ എന്ന് തോന്നും പക്ഷെ ഈ രണ്ട് സംഭവങ്ങള്‍ക്കും വിദൂരമായ സാമ്യങ്ങള്‍ ഈ ആധുനിക കേരളത്തിന്റെ അവസ്ഥയില്‍ കൈവരുന്നുണ്ട്. അടിയാള വര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ എതുവിധത്തില്‍ തട്ടി ഇളക്കാം..അത് മുതലാക്കാം എന്നുള്ള പരീക്ഷണ ലായിനികള്‍ ചമക്കുന്ന വിഭാഗങ്ങള്‍ ഉദിച്ച് വരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും..ഹിന്ദു ഐക്യമെന്നോ..ചക്ക,മാങ്ങ എന്നോ എന്തും അതിനെ വിളിക്കാം. അതിനാല്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ സ്വപ്നങ്ങള്‍ക്കും ഒരിക്കല്‍ ചുവന്ന നിറം വരുമെന്ന് ഓര്‍ക്കുക...............

Friday, 10 August 2012

വന്‍മതിലിന്‍റെ വന്‍ വീഴ്ച


മ്മുടെ നാട്ടില്‍ ഉരുള്‍പ്പോട്ടല്‍ മൂലം നഷ്ടങ്ങളും മരണങ്ങളും ഉണ്ടായെങ്കില്‍ വടക്കന്‍ ചൈനയിലേ ഹെബീ പ്രവിശ്യയില്‍ ഒരു ചരിത്ര സ്മാരകമാണ് തകര്‍ന്നത്. സാക്ഷാല്‍ വന്‍ മതിലിന്‍റെ ഒരു ഭാഗം നാല് ദിവസമായി തുടര്‍ന്ന മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡാജിഗാമന്‍ എന്ന സ്ഥലത്തെ മതിലിന്‍റെ ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ കഴിഞ്ഞാണ് ചൈന പുറത്ത് വിട്ടത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സാധരണമായി ജൂലൈ മാസങ്ങളില്‍ കനത്ത മഴയും ഉരുള്‍പ്പോട്ടലുകളും സാധരണമാണ്. വന്‍മതിലിന്‍റെ 36 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇതിന്‍റെ അറ്റകുറ്റപ്പണികള്‍  ആരംഭിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.കനത്ത മഴയെതുടര്‍ന്ന് അടുത്തുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ വെള്ളപാച്ചില്‍ ഉണ്ടായതാണ് മതില്‍ തകരാനുള്ള കാരണമായി വിലയിരുത്തുന്നത്.നിലവില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതിലില്‍ ആയിരക്കണക്കിന് അപകടകരമായ വിള്ളലുകള്‍ ഉള്ളതായണ് റിപ്പോര്‍ട്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശത്തിന്‍റെ കാലത്താണ് വന്‍മതില്‍ നിര്‍മ്മിച്ചത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ പണിതീര്‍ത്തതായിരുന്നു ഈ മതില്‍.  ലോകാത്ഭുതങ്ങളില്‍ ഒന്നായണ് കണക്കിലെടുക്കുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന എക മനുഷ്യ നിര്‍മ്മിതിയും ചൈനീസ് വന്‍മതിലാണ്.

Sunday, 5 August 2012

ഓര്‍മ്മകള്‍ മരിക്കില്ല...തുണ്ട് കടലാസ്സിലാണെങ്കിലും


സ്വഹൃദത്തിന്‍റെ ഒരു ദിനം..ഇന്ന് കിട്ടിയ ഒരു സമ്മാനം ഒരു സുവര്‍ണകാലത്തേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
പയ്യന്നൂര്‍ കോളേജിന്‍റെ അതിര്‍ത്തിയിലാണ് സുവോളജി ബ്ലോക്ക് അവിടെ എപ്പോഴും അനാട്ടമിയും, എംബ്രിയോളജിയും ക്ലാസിഫിക്കേഷനും തത്തികളിക്കും
അതിനെല്ലാം അപ്പുറം സിലബസിനപ്പുറം മനുഷ്യത്വമുള്ള ഒരു കൂട്ടം മനുഷ്യരും ഉണ്ടായിരുന്നു. എന്‍ട്രന്‍സിന്‍റെ ചില്ലയില്‍ നിന്ന് ചിറകോടിഞ്ഞ് വീണവരും
രസതന്ത്രത്തിന്‍റെയും ഉൌര്‍ജ തന്ത്രത്തിന്‍റെയും റോയല്‍ പളപ്പില്‍ നിന്നും പുറം തള്ളപ്പെട്ടവരുടെ ആഘോഷ സ്ഥലമായിരുന്നു അത്. എന്നാല്‍ ആരുടെയോ
ഭാഗ്യത്തിന് ഇതിന് ഉള്ളില്‍ വന്നവര്‍ക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ ഒന്നും നല്‍കുന്നില്ല ആ മൂന്ന് വര്‍ഷങ്ങള്‍.. ..

സ്വഹൃദം പൂത്തുലഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.
കോളേജ്കാലത്തെ ഏതോ   മടുപ്പിക്കുന്ന ക്ലാസില്‍ ആയിരിക്കാം പിന്നിലെ ബെഞ്ചിലിരുന്ന് വെറുതെ എന്തോക്കയോ കുത്തിക്കുറിച്ചു. ചില വരികള്‍ അത്
കവിതയാണെന്നോ കഥയാണോ
എന്നോന്നും പറയാന്‍ സാധിക്കില്ല. പക്ഷെ ചുരുട്ടികൂട്ടി എറിഞ്ഞ ആ കടലാസ്സ് കഷണങ്ങള്‍ ഇന്ന് വീണ്ടും കിട്ടി.
ഇത് സ്വന്തം കയ്യില്‍ സൂക്ഷിച്ച ഒരു സുഹൃത്ത് സൌഹൃദദിനത്തില്‍ എനിക്ക് സമ്മാനമായി ലഭിച്ചു...
നന്ദി സുഹൃത്തേ.......








































തെണ്ടി

അവിടെയും ഇവിടെയും
അല്ലാത്ത
എവിടെയോ
നോക്കിയിരിക്കുന്ന
കണ്ണിനോട്....
മൂക്ക് പറഞ്ഞു
ഇങ്ങോട്ട് നോക്കുവാന്‍...
ആവി പറക്കുന്ന ഭക്ഷണത്തിന്
നിന്നോട് പറയാനുള്ളത് ഒന്ന് മാത്രം
തെണ്ടി...എന്നും..തെണ്ടി....
.............................................................
മരണം

ഒരിക്കല്‍ മാത്രം കാണുന്ന
ഒരിക്കല്‍ മാത്രം കേള്‍ക്കുന്ന
ഒരു ശബ്ദം ഉണ്ട്
അതിന് പതിഞ്ഞ കാലോച്ചയാണ്
ഞാനും നീയും നടക്കുന്ന
കറുത്ത ഇടവഴികളില്‍
ചുവന്ന പുഴയോരങ്ങളില്‍
അടഞ്ഞുകിടന്ന തെരുവുകളില്‍
അത് ചിലപ്പോള്‍ ചാടി വീഴും
അത് മരണമാണ്.......
.................................................................
ടിക്കറ്റ്

ഒരു ടിക്കറ്റില്‍
രണ്ടു പേര്‍ക്ക് യാത്രചെയ്യാന്‍
പറ്റുമോ.....??
പറ്റും
ഞാനും അവളും ഇന്ന്
ഒരു ''വിഷകുപ്പി'' ടിക്കറ്റില്‍ യാത്ര തുടങ്ങി...
.......................................................
പുലി

ഞാന്‍ നിന്നോട് കുറേ ദിവസമായി
പറയണം..പറയണം
എന്ന് കരുതുന്നു
നീ
ഒന്നും വിചാരിക്കരുത്
എന്നെ
കുറിച്ച് ഒന്നും തോന്നരുത്
ഞാന്‍ പാവമായിരുന്നു
ഠേ...ഠേ...
"അവള്‍ പുലിയായിരുന്നു"
...........................................................
മാസ്ക്

ആദ്യമായി അവള്‍
'ചുംബിച്ചപ്പോള്‍'
അതിന്‍റെ മധുരം വിടാതിരിക്കാന്‍
ഞാന്‍ മാസ്ക് ധരിച്ചു
പക്ഷെ
അവള്‍ക്ക്
പന്നി പനി വന്നു എന്ന് അറിഞ്ഞത്
മുതല്‍ മാസ്കിന് വിള്ളല്‍
വീണു...
.................................


നാണം
കറുത്ത കണ്ണിനോട്
വെളുത്ത ശരീരമുള്ള കറുത്തമുടിക്കാരി
കുട്ടിചോദിച്ചു
''നാണമില്ലേ''
ഈ ചോദ്യങ്ങള്‍ മുന്‍പും കേട്ടിട്ടുള്ളതിനാല്‍
കണ്ണ് പറഞ്ഞു
''ഇല്ലാ''...
..........................
നന്ദി ഇത്രയും കാലം ഇത് കാത്തുവച്ച എന്‍റെ എല്ലാമായ സുഹൃത്തിന്

Wednesday, 11 July 2012

ഓണ്‍ലൈനായ ആദ്യ ചിത്രം ....





വെബ്ബില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ് ..ഇന്‍റര്‍നെറ്റില്‍ വിവിധ വഴി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയും അല്ലാതെയും ദിവസം  കോടികണക്കിന്  ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന കാലത്താണ് ഈ ചോദ്യം.
 ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' 
              എന്നാല്‍അതിന് വ്യക്തമായ ഉത്തരമുണ്ട്. ഈ വ രുന്ന ജൂലൈ18 ന് ഇന്‍റര്‍ നെറ്റില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ എടുത്തിട്ട്  20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.ഇന്ന് കണിക പരീക്ഷണങ്ങളില്‍ കൂടി വാര്‍ത്തകളില്‍ നിറയുന്ന യൂറോപ്യന്‍ ആണവ എജന്‍സിയുടെ ജനീവയിലെ  സെര്‍ണ്‍ ലാബുമായി  ബന്ധപ്പെട്ടിരിക്കുന്നു വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഫോട്ടോയും. 1992 ല്‍ സെര്‍ണിന്‍റെ പരീക്ഷണശാലയിലെ വാര്‍ഷിക സംഗീത നിശയില്‍ പരിപാടി അവതരിപ്പിച്ച ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' എന്ന ഗേള്‍സ് ബാന്‍റിന്‍റെ ചിത്രമായിരുന്നു അത്. സില്‍വാനോ ഡി ജെനീറോ എന്ന സെര്‍ണ്‍ സെന്‍ററിലെ ഐടി ഡെവലപ്പറായിരുന്നു ഈ ചിത്രം തന്‍റെ കാനോന്‍ ഇഒഎസ് 650 ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ഡി ജെനീറോയുടെ സഹപാഠി കൂടിയായ വേള്‍ഡ് വൈഡ് വെബ്ബിന്‍റെ (www)യുടെ നിര്‍മ്മാതവുമായി ടിം ബര്‍ണേസ് ലീ ഇത് വെബ്ബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
സില്‍വാനോ ഡി ജെനീറോ 
ടിം ബര്‍ണേസ് ലീ 
               ഒരു മള്‍ട്ടി മീഡിയ കാലത്തിന്‍റെ തുടക്കം എന്ന നിലയില്‍ ഇന്‍റര്‍ നെറ്റിലെ നാഴിക കല്ലായിരുന്നു ഈ ചിത്രം.സെര്‍ണ്‍ പരീക്ഷണ ശാലയിലെ ശാസ്ത്രഞ്നരും ,അവിടുത്തെ ഗവേഷകരുടെ ഭാര്യമാരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു ബാന്‍റായിരുന്നു അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത  ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' . 

Wednesday, 4 July 2012

ഇന്ത്യ കര്‍ഷകന്‍റെ കൊലക്കളമാകുമ്പോള്‍....


ര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. രാജ്യത്തിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുകയാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പ്രസിദ്ധികരിച്ചിരിക്കുന്ന പുതിയ വിവരങ്ങള്‍. 2011ലെ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആത്യന്തികമായി ഇന്ത്യയുടെ ഗ്രാമീണ മേഖല കടുത്ത പ്രതിസന്ധികളെ അഭിമൂഖികരിക്കുകയാണ് എന്ന വന്‍ സത്യം ഈ കണക്കുകള്‍ നമ്മോട് വിളിച്ചോതുന്നു. ധാന്യങ്ങള്‍ക്കും ,കാര്‍ഷിക വിളകള്‍ക്കും ഉപഭോഗ വിപണിയില്‍ വില എറുമ്പോഴും നമ്മുടെ കര്‍ഷക ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പ്രഹേളികയായി  തോന്നാം എന്നാല്‍ ജനാധിപത്യരാജ്യത്തിന്‍റെ മുഖം മൂടിയില്‍ ഇന്നും എന്നും മറഞ്ഞിരുന്ന ചൂഷണ കരങ്ങള്‍ വീണ്ടും വീണ്ടും ശക്തമാകുന്നതിന്‍റെ സാക്ഷ്യം കൂടിയാണിത്. സാമൂഹികമായ വിലയിരുത്തലുകള്‍ക്കപ്പുറം വന്‍ നടപടികള്‍ കൂടി ആവശ്യപ്പെടുകയാണ് ഈ കണക്കുകള്‍. സായിനാഥ് ഹിന്ദുവില്‍ എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ

2011ല്‍ രാജ്യത്ത് 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതോടെ 1995ന് ശേഷം  ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,70,940 ആയി. കഴിഞ്ഞ വര്‍ഷം 3,337 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. കണക്കുകള്‍ ലഘൂകരിച്ചും കര്‍ഷകന്റെ നിര്‍വ്വചനത്തില്‍ പോലും മാറ്റം വരുത്തിയും പരമാവധി ശ്രമിച്ചിട്ടും മഹാരാഷ്ട്രക്ക് ഈ അപമാനകരമരമായ ഒന്നാം സ്ഥാനത്തു നിന്നും രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി മഹാരാഷ്ട്രയാണ് കര്‍ഷകരുടെ ഏറ്റവും വലിയ ദുരന്തഭൂമി.

2009ല്‍ 2,872 കര്‍ഷകരും 2010ല്‍ 3,141 കര്‍ഷകരുമാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 1995 മുതല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 54,000ത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ 33,752 പേരും ആത്മഹത്യ ചെയ്തത് 2003ന് ശേഷമാണ്, അതും 3,750 എന്ന വാര്‍ഷിക ശരാശരിയില്‍. 1995-02 കാലത്ത് 2,508 എന്ന വാര്‍ഷിക ശരാശരിയില്‍ 20,066 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യാ നിരക്കിലുള്ള വര്‍ധന എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ആകെ കര്‍ഷക ആത്മഹത്യയുടെ എണ്ണം നോക്കിയാല്‍ 2011ല്‍ കുറവ് കാണുന്നുണ്ട്. എന്നാല്‍ ഛത്തീസ്ഖഡില്‍ ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7,777 കര്‍ഷകരും കഴിഞ്ഞ വര്‍ഷം 1,126 കര്‍ഷകരും ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് ഛത്തീസ്ഖഡ്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഛത്തീസ്ഖഡ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഖഡ് കര്‍ഷകരുടെ സ്വര്‍ഗ്ഗമായി മാറിയെന്ന് കരുതുന്നതിനേക്കാള്‍ സമയത്ത് അവര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കണക്ക് നല്‍കിയില്ലെന്ന് വിലയിരുത്തുന്നതാകും ഉചിതം.

ഛത്തീസ്ഖഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വെച്ച് കണക്കാക്കിയാല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14,027ല്‍ നിന്നും 15,582 ആയി ഉയരും. ഇതില്‍ ഏറ്റവും ചിന്തിക്കേണ്ട കാര്യം മോശക്കാരായ അഞ്ച് സംസ്ഥാനങ്ങളും ഈവര്‍ഷം വരള്‍ച്ചയുടെ പിടിയിലാണെന്നതാണ്. കാലാവസ്ഥ കടിഞ്ഞാണിടുന്ന ഇന്ത്യന്‍ കാര്‍ഷിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ അഞ്ച് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തി. 2010നേക്കാള്‍ 196 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മോശം സംസ്ഥാനം. തമിഴ്നാട്(82) മധ്യപ്രദേശ്(89) ഹരിയാന(87) ഗുജറാത്ത് (55) എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകരുടെ കണ്ണീര്‍ വീണു. ഒമ്പത് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിട്ടുണ്ട്. ഇതില്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയുടെ കുറവ് രേഖപ്പെടുത്തിയത് മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം, കര്‍ണ്ണാടക(485), ആന്ധ്രാ പ്രദേശ്(319), പശ്ചിമ ബംഗാള്‍(186). രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണെന്ന വ്യക്തമായ സൂചനയാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ നല്‍കുന്നത്.

കടപ്പാട്- ദി ഹിന്ദു.സായിനാഥ്

Monday, 2 July 2012

ഉസ്താദ് ഹോട്ടല്‍- --------_ ഒരു ബിരിയാണിക്കഥയ്ക്കപ്പുറം





അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു നല്ല ''മസാല'' വെപ്പുകാരനാണെന്നാണ്   മലയാള സിനിമയിലെ പൊതു അഭിപ്രായം  ( കണ്ണീരിന്‍റെ ഉപ്പുള്ള ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം പരിഗണിച്ച് തന്നെയാണ് ഈ അഭിപ്രായം) അഞ്ജലി മേനോനും നല്ലോരു പാചകകാരിയാണ്  ഗൃഹതുരതയുടെ രസം ചാലിച്ച് സാമൂഹികമായി സിനിമ വിളമ്പുന്ന ചലച്ചിത്രകാരി‍. ലിന്‍സ്റ്റന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മതാവ് യുവതയുടെ രസകൂട്ടുകള്‍ രുചിച്ച,രുചിപ്പിച്ച വ്യക്തിയാണ് .ഇത്തരം ഒരു ടീമിന്‍റെ ബിരിയാണിയുണ്ടാക്കിയ കഥയാണ് 'ഉസ്താദ് ഹോട്ടല്‍'
കോഴിക്കോടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുള്ള മണം പരക്കുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തില്‍ എന്നും, ആഘോഷമായ ഒരു ഭക്ഷണകഥ  എന്നും തെറ്റിദ്ധരിച്ച്  ഉസ്താദ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക്  ഈ ചിത്രം നിരാശ നല്‍കും എന്ന് ആദ്യമേ പറയുന്നു. കാരണം തെറ്റിദ്ധാരണകളാണ് മലയാള സിനിമയുടെ ഇന്നത്തെ ശാപം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ തിന്നും കുടിച്ചും വയര്‍ നിറച്ച് പൊകുന്നതല്ല. വയറിനൊപ്പം മനവും നിറയ്ക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം എന്നതാണ് ചിത്രത്തില്‍ പറഞ്ഞ് വയ്ക്കുന്ന പാഠം.
 മരണം ,വിവാഹം,പ്രണയം,സംഗീതം,വിരഹം ജീവിതത്തിന്‍റെ പലഘട്ടങ്ങള്‍ തലോടിയാണ് കോഴിക്കോടിന്‍റെ പാശ്ചാത്തലത്തില്‍ ഉസ്താദ് ഹോട്ടലിന്‍റെ കഥ വികസിക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വീട് വിട്ട് ഇറങ്ങുന്ന ഫൈസി എന്ന ഫൈസല്‍ എത്തിച്ചേരുന്നത് അനുഭവത്തിന്‍റെ സ്നേഹത്തിന്‍റെയും കൈപുണ്യം വിളമ്പുന്ന ഉസ്താദ് ഹോട്ടലില്‍ അവിടെത്തെ ഉസ്താദായ തന്‍റെ ഉപ്പാപ്പയില്‍ നിന്ന് പിന്നീട് ജീവിതം പഠിക്കുകയാണ് ഫൈസി. ആ ഹോട്ടലിന് ചുറ്റും ജീവിക്കുന്ന ജീവിതങ്ങള്‍. പരിഷ്കൃതമായ ജീവിതത്തിന്‍റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും.  പണത്തിന്‍റെ പളപ്പും ഒക്കെ ഒരു ബീരിയാണി വെപ്പിന്‍റെ അനുസാരികള്‍പോലെ വിഷയമാകുന്നുണ്ട് ചിത്രത്തില്‍. എന്നാലും വിഷയ ദാരിദ്രം നിഴലിക്കുന്ന രണ്ടാം പകുതി പലപ്പോളും ഇഴയുന്നു എന്ന് പറയാതിരിക്കാനാകുന്നില്ല.  എല്ലാ ബിരിയാണിയിലും എല്ലാ അരിയും വെന്തോ എന്ന് നോക്കുവാന്‍ പാചകകാരന് കഴിയില്ല എന്നത് തന്നെയാണ്  ഇതിന് ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ സാധിക്കുക.
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തന്‍റെ ശൈലിമാറ്റത്തിന് ഒരു  മറുകുറിപ്പ് നല്‍കുകയായിരുന്നു ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്.തന്‍റെ കാലോചിതമായ മാറ്റത്തിന് എതാണ്ട് 3 വര്‍ഷത്തെ കാത്തിരിപ്പും അന്‍വര്‍ നടത്തി എന്നതും ശ്രദ്ധേക്കേണ്ട വിഷയമാകുന്നു. വഴി മാറി നടത്തം ഗംഭീരമായി എന്നു തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഷോട്ടുകളിലും സ്വീക്വന്‍സുകളും തിരഞ്ഞെടുക്കുന്നതില്‍ ഒരു തികഞ്ഞ സംവിധായകന്‍റെ കൈയ്യടക്കം അന്‍വര്‍ റഷീദ് പുലര്‍ത്തുന്നുണ്ട് തന്‍റെ സിനിമ സങ്കല്‍പ്പങ്ങളോട് അടുക്കാനുള്ള മികച്ച ശ്രമം തന്നെയാണ് ഈ സംവിധായകന്‍ നടത്തുന്നത്.
മഞ്ചാടി കുരു എന്ന കഥയുടെ വികാസത്തില്‍ പുലര്‍ത്തുന്ന കൈയ്യടക്കം അഞ്ജലി മേനോന്‍ എന്ന തിരക്കഥകൃത്ത് ഈ ചിത്രത്തിലും പുലര്‍ത്തുന്നുണ്ട്. കാലവും സംസ്കാരവും കുടിയോഴിയുന്ന തിരക്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച രീതിയിലുള്ള പഠനം നടത്തിയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത് എന്നത്  വളരെ വ്യക്തമാകുന്നുണ്ട്. പളിപ്പോക്കുന്ന സന്ദര്‍വ്വങ്ങളിലും ഇത്തരം ഒരു കരുതല്‍ തിരക്കഥയില്‍ സൂക്ഷിക്കുന്നുണ്ട് കഥാകാരി. സുലൈമാനിയില്‍ വിരിയുന്ന പ്രണയത്തിന്‍റെ ഫ്ലാഷ് ബാക്ക് അത്തരം ഒരു സന്ദര്‍വ്വമാണ് അത് നന്നായി ദൃശ്യവത്കരിക്കാന്‍ സംവിധായകനും സാധിക്കുന്നുണ്ട്.പതിവ് റിയല്‍ എസ്റ്റേറ്റ് കയ്യേറ്റവും മറ്റും അടങ്ങുന്ന മലയാള സിനിമയുടെ പതിവുവഴിക്കുള്ള ഓട്ടം വീണ്ടും തിരക്കഥയുടെ ചില ഘട്ടങ്ങള്‍ നടത്തുന്നുണ്ട്.  എന്നാലും ജീവിതത്തിന്‍റെ ചില അപരിചിത കോണുകളില്‍ നിന്ന് അഭ്രപാളിയിലേക്ക് സന്നിവേശം നടത്താന്‍ സാധിക്കുന്ന ഇത്തരം തിരക്കഥകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത് മലയാളത്തിന് നല്ലകാഴ്ചയാണ്.

വന്‍ പ്രധാന്യം  നല്‍കേണ്ട ഒരു ചിത്രമായി വിലയിരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ ചൂണ്ടികാട്ടതിരിക്കാന്‍ കഴിയില്ല. നാരയണന്‍ കൃഷ്ണന്‍ എന്ന രണ്ടാം പകുതിയില്‍ മധുരയില്‍ ജീവിക്കുന്ന കഥാപാത്രം യഥാര്‍ത്ഥമായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് തന്‍റെ ജീവിതം തെരുവില്‍ വിശക്കുന്നവര്‍ക്കായി മാറ്റിവച്ച ഒരു മനുഷ്യന്‍. അത്തരം ജീവിതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നന്മ ഈ ചിത്രത്തിനും ഒരു ആത്മാവ് നല്‍കുന്നുണ്ട്.
തിലകന്‍ എന്ന നടനാണ് ചിത്രത്തിന് തിളക്കം നല്‍കുന്ന ഒരു താരം മുന്‍പ് പലപ്പോഴും കെട്ടിയാടിയ ഋഷിതുല്യ റോള്‍ തന്നെയാണെങ്കിലും മുന്‍ അനുഭവം നല്‍കുന്നില്ല അതിന്‍റെ രൂപവും ഭാവവും.ചിലപ്പോള്‍ ഇത്രത്തോളം വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ഒരു സംശയം വരാം ദുല്‍ഹര്‍ സല്‍മാന്‍ എന്ന ഒരു നടന്‍ നായകനായി അഭിനയിച്ച  പടത്തെ കുറിച്ചല്ലെ പറയുന്നത് എന്ന്. അതേ അവസാന വാചകമായി ഒരു കാര്യം പറയാം. ആര്‍ക്കും നടക്കാവുന്ന മണലാണ് കോഴിക്കോട് കടപ്പുറത്തുള്ളത് അതിനാല്‍ തന്നെ അര്‍ക്കും അഭിനായിക്കാവുന്ന ഒരു റോളില്‍ ഒരു നടന്‍ അഭിനയിച്ചു എന്നതിനപ്പുറം വിലയിരുത്തല്‍ ആവശ്യമായി വരുന്നില്ല.